രണ്ടു ലക്ഷത്തിൽ തുടങ്ങി ഇന്നു ദശലക്ഷങ്ങളുടെ വിറ്റുവരവ് ! - Manorama Online

Praveen, Rahul & Rahul Easwarസ്റ്റാര്‍ബക്‌സ് കോഫി ഷോപ്പുകള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. നൂതനആശയങ്ങളുമായി ജീവിതവിജയം എത്തിപ്പിടിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഒരു കപ്പ് സ്റ്റാര്‍ബക്‌സ് കാപ്പിക്ക് മുന്നിലിരുന്നാണ് അതിനു പലപ്പോഴും വിത്തുപാകാറുള്ളത്. അത്രമേല്‍ ക്രിയാത്മകതയെ പ്രോത്സാഹിപ്പിക്കുമത്രെ അവിടുത്തെ ആവാസവ്യവസ്ഥ. 2009ലെ ഒരു മനോഹര സായാഹ്നത്തില്‍ അമേരിക്കയിലെ ഒരു സ്റ്റാര്‍ബക്‌സ് കോഫി ഷോപ്പില്‍ രണ്ടു യുവാക്കള്‍ ഒത്തുകൂടിയതും അതിനായിരുന്നു.

വിശ്വവിഖ്യാതമായ ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ നിന്നു പഠിച്ചിറങ്ങിയ ജെയിംസ് മെക്‌ഡൊണാള്‍ഡുമായി കാര്‍ഡിഫ് ബിസിനസ് സ്‌കൂളില്‍ നിന്നും ബിരുദം നേടിയ പ്രവീണ്‍ പരമേശ്വര്‍ എന്ന മലയാളി ആ സായാഹ്നത്തില്‍ ചര്‍ച്ച ചെയ്തത് മനുഷ്യവിഭവശേഷിയുടെ സാധ്യതകളെക്കുറിച്ചായിരുന്നു. ഏതൊരു സ്ഥാപനത്തിന്റെയും നട്ടെല്ലായ ജീവനക്കാരെ മാനേജ് ചെയ്യുന്നതില്‍ പുതിയ തലം കണ്ടെത്തുകയായിരുന്നു അവര്‍. ഇന്നു കേരളത്തിലും മിഡില്‍ ഈസ്റ്റിലും ട്രെയ്‌നിംഗ് നല്‍കുന്നതില്‍ പുതിയ രീതി പരീക്ഷിച്ചു മുന്നേറുന്ന തോട്ട്‌സ് അക്കാഡമിയെന്ന സ്ഥാപനത്തിനാണ് പ്രവീണ്‍ അന്നു തുടക്കമിട്ടത്. യുകെയില്‍ 2010ലാണ് തന്റെ സംരംഭത്തിന് ഔദ്യോഗികമായി തുടക്കം കുറിച്ചത്. ലേണിംഗ് ആന്‍ഡ് ഡെവലപ്‌മെന്റില്‍ ഫോക്കസ് ചെയ്ത സംരംഭം പ്രശസ്തമായ വെഞ്ച്വര്‍ വേല്‍സിലാണ് ഇന്‍ക്യുബേറ്റ് ചെയ്തത്-പ്രവീണ്‍ പരമേശ്വര്‍ പറയുന്നു.

കേരളത്തിലേക്ക്

യുകെയില്‍ നിന്ന് പ്രവീണ്‍ കേരളത്തിലേക്കെത്തി, 2012ല്‍. സുഹൃത്തുക്കളായ രാഹുല്‍ നായരും രാഹുല്‍ ഈശ്വറുമായി ചേര്‍ന്ന് തിരുവനന്തപുരത്തു നിന്നു തോട്ട്‌സ് അക്കാഡമിയുടെ ഇന്ത്യന്‍ പതിപ്പിന് തുടക്കമിട്ടു. രണ്ടു ലക്ഷം രൂപയുടെ പ്രാഥമിക നിക്ഷേപത്തില്‍ തുടങ്ങിയ സ്ഥാനപത്തിന് ഇന്നു 10 ദശലക്ഷം രൂപയുടെ വിറ്റുവരവുണ്ടെന്ന് പ്രവീണ്‍ പറയുന്നു.

മൂന്നു ചെറുപ്പക്കാര്‍ വന്നു മനുഷ്യവിഭവശേഷിയെ ഉടച്ചുവാര്‍ക്കുന്നതിനെക്കുറിച്ചു പറയുന്നത് തുടക്കത്തില്‍ ആര്‍ക്കും ഇവിടെ ഉള്‍ക്കൊള്ളാന്‍ സാധിച്ചിരുന്നില്ലെന്ന് പ്രവീണ്‍ പറയുന്നു. എന്നാല്‍ ഐബിഎസ്, അസാപ് (അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം), എച്ച്എല്‍എല്‍ ലൈഫ്‌കെയര്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ ഞങ്ങളില്‍ വിശ്വാസമര്‍പ്പിച്ചു. ആ അവസരങ്ങളാണ് ഞങ്ങള്‍ പ്രയോജനപ്പെടുത്തിയത്. ഞങ്ങളുടെ പരിശീലനം ഈ സ്ഥാപനങ്ങള്‍ക്ക് ഗുണകരമായി. അവര്‍ ഞങ്ങളെ റെഫര്‍ ചെയ്യാന്‍ തുടങ്ങി. അതോടെ സ്വീകാര്യത ലഭിച്ചു-പ്രവീണ്‍ കൂട്ടിച്ചേര്‍ക്കുന്നു.

ഓരോ കമ്പനിക്കും അവരുടെ ലക്ഷ്യങ്ങള്‍ക്കനുസൃതമായി വിജയം നേടാനുള്ള മാര്‍ഗ്ഗങ്ങളില്‍ പരിശീലനം നല്‍കുകയാണ് തോട്ട്‌സ് ചെയ്യുന്നത്. കമ്പനികള്‍ക്ക് എത്തരത്തിലുള്ള ജീവനക്കാരാണ് വേണ്ടതെന്നും അവര്‍ എന്തെല്ലാം വൈദഗ്ധ്യമാണ് സ്വായത്തമാക്കേണ്ടതെന്നും പഠിച്ച ശേഷമാണ് തോട്ട്‌സ് അക്കാഡമി പരിശീലനം നല്‍കുന്നത്. മാര്‍ക്കറ്റിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് തങ്ങളുടെ കമ്പനിക്കില്ലെന്നും റെഫറന്‍സ് വഴിയാണ് ബിസിനസുണ്ടാക്കുന്നതെന്നും പ്രവീണ്‍ ചൂണ്ടിക്കാട്ടുന്നു. മനുഷ്യവിഭവശേഷി വികസനത്തില്‍ തങ്ങളുടെ സ്വപ്‌ന പദ്ധതിയായ ലൈഫോളജി ഉടന്‍ അവതരിപ്പിക്കാനുള്ള തയാറെടുപ്പിലാണ് പ്രവീണ്‍ പരമേശ്വറും തോട്ട്‌സ് അക്കാഡമിയും.